ദാവൂദ് ഇബ്രാഹിം ചാനല്‍ തുടങ്ങുന്നു!

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:04 IST)
PTI
PTI
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം സ്വന്തമായി ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്ന് വിവരം. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ചാനല്‍ തുടങ്ങുന്നത്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ, ദാവൂദ് ഇബ്രാഹിമിന്റെ ചാനലിന് പിന്തുണയുണ്ടെന്നാണ് അറിയുന്നത്.

ദാവൂദ് തന്റെ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനിലെ മുന്‍‌നിര ചാനലിന്റെ മേധാവിയെ 60 ലക്ഷം രൂപ മാസ ശമ്പളത്തില്‍ നിയമിച്ചുകഴിഞ്ഞതായും സൂചനയുണ്ട്. ദാവൂദുമായി ഏറെ അടുപ്പമുള്ള ഛോട്ടാ ഷക്കീലിനായിരിക്കും ചാനലിന്റെ ചുമതല.

ചാനല്‍ ആരംഭിക്കുന്നതിനായി പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായി ദാവൂദ് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വിവരം. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക ഇപ്പോള്‍ തന്നെ ദാവൂദ് സംഭാവന നല്‍കിക്കഴിഞ്ഞുവെന്നും പറയുന്നു.

ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങുന്ന ദാവൂദിന്റെ ചാനല്‍ ഈ വര്‍ഷം അവസാനത്തോടെ ജനങ്ങളില്‍ എത്തുമെന്നാണ് അറിയുന്നത്.