ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്ത യുവതിയെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി. വിവാഹത്തിനുശേഷം കേരളത്തില്‍ താമസമാക്കിയ രാമനാഥപുരം ഉച്ചിപുളിയിലെ രാജഗോപാലിന്റെ മകള്‍ വൈദേഹിയെയാണ്(27) കൊന്ന് കുഴിച്ച് മൂടിയത്.
അമ്മ വെങ്കിടേശ്വരി (50) സഹോദരന്‍ വിമല്‍ രാജ്(21)എന്നിവരടക്കവുമുള്ള ബന്ധുക്കളും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് കൊന്നെന്നാണ് കേസ്. കൊല്ലപ്പെടുന്ന സമയം വൈദേഹി ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ വെങ്കിടേശ്വരിയും മകനും ഉള്‍പ്പെടെ അഞ്ച് ബന്ധുക്കള്‍ പിടിയിലായി.
വൈദേഹിയും ഒപ്പം പഠിച്ചിരുന്ന സുരേഷ് കുമാറും(27) കഴിഞ്ഞ ഓഗസ്തില്‍ മധുരയില്‍ വെച്ചാണ് വിവാഹിതരായത്. ഇവര്‍ ആറ് മാസത്തോളമായി കേരളത്തില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 16-ന് അമ്മ വെങ്കിടേശ്വരി വൈദേഹിയെ ഫോണില്‍ തേനിയിലേക്ക് വിളിച്ചു വരുത്തി. തേനിയില്‍ വെച്ച് വെങ്കിടേശ്വരിയും സംഘവും സുരേഷ് കുമാറിനെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
അതിനുശേഷം വൈദേഹിയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ സുരേഷ് കുമാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോടതി ഉത്തവരവിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
തേനിയില്‍നിന്ന് വിളിച്ച് വരുത്തിയതിന്റെ അടുത്തദിവസം തന്നെ വൈദേഹിയെ കൊന്ന് വീടിന് സമീപം അരങ്ങിന്‍വേളമ്പി നദിക്കരയില്‍ കുഴിച്ചിട്ടിരുന്നു. പോലീസ് മൃതദേഹം പുറത്തെത്തടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.