തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ ഹോളിവുഡ് നടന് റോബര്‍ട്ട് ഡി നീറോക്ക് ഗോവന്‍ പോലീസ് കത്തെഴുതി. തേജ്പാലിനെതിരെ ഉയര്‍ന്ന പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് പോലീസ് കത്തെഴുതിയത്.
തെഹല്‍ക്ക ഗോവയില്‍ നടത്തിയ വിരുന്നില്‍ റോബര്‍ട്ട് ഡിനീറോയുടെയും മകളുടെയും കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ച പെണ്‍കുട്ടിയെയാണ് തരുണ്‍ തേജ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ കേസുമായി സഹകരിക്കാമെന്ന് റോബര്‍ട്ട് ഡി നീറോ ഉറപ്പ് നല്‍കിയതായി ഗോവന്‍ പോലീസ് അറിയിച്ചു. കേസില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡി നീറോയുടെ അറ്റോര്‍ണിയെ സമീപിച്ചിരുന്നു.
കേസ് സമര്‍പ്പിക്കുമ്പോള്‍ റോബര്‍ട്ട് ഡിനീറോയുടെ വിശദീകരണം നിര്‍ണ്ണായക തെളിവായി മാറുമെന്നാണ് കരുതപ്പെടുന്നത്.ലൈംഗീകാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് തേജ്പാലിനെ ഗോവന്‍ പോലീസ് കഴിഞ്ഞ നവംബര്‍ 30ന് അറസ്റ്റ് ചെയ്തിരുന്നു.