തെലങ്കാന ബില്ല് ആന്ധ്ര നിയമ സഭ തള്ളി

Webdunia
വ്യാഴം, 30 ജനുവരി 2014 (15:00 IST)
PRO
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്ര നിയമസഭ തള്ളി. ബില്ലിനെതിരെ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കൊണ്ടുവന്ന പ്രമേയം നിയമസഭ അംഗീകരിച്ചു. തെലങ്കാനാ രൂപീകരണത്തെ കുറിച്ച് സഭയുടെ അഭിപ്രായമാരാഞ്ഞ് രാഷ്ട്രപതി അയച്ച ബില്ലാണ് നിയമസഭ തള്ളിയത്.

ഇതോടെ ബില്ലുമായി മുന്നോട്ടു പോകുന്നതില്‍ കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും പ്രതിരോധത്തിലായി. അതേസമയം, അടുത്തമാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയാണ് സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ ആന്ധ്ര നിയമ സഭ തള്ളിയത്.

ബില്ലിനെതിരെ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കൊണ്ടുവന്ന പ്രമേയം നിയമ സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള കോണ്‍്ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ബില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി കിരിണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 12നാണ് ബില്‍ നിയമ സഭയുടെ പരിഗണനയ്ക്കായി രാഷ്ട്രപതി അയച്ചത്. ബില്ലിന്മേല്‍ ചര്‍ച്ചയ്ക്കായി ആന്ധ്രാ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയെങ്കിലും രാഷ്ട്രപതി അനുവദിച്ചില്ല.