തെലങ്കാന: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Webdunia
ചൊവ്വ, 5 ജനുവരി 2010 (17:20 IST)
PRO
തെലങ്കാന പ്രശ്നം ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്നം പരിഹരിക്കാനായി ഒരു പൊതു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ യോഗത്തിന് കഴിഞ്ഞില്ല. ആഭ്യന്തരമന്ത്രി പി ചിദംബരമാണ് യോഗം വിളിച്ചു ചേര്‍ത്തത്.

യോഗത്തില്‍ ടി ഡി പിയും കോണ്‍ഗ്രസും വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചില്ല എന്നതാണ് പ്രത്യേകത. പ്രജാരാജ്യം, സി പി എം എന്നീ പാര്‍ട്ടികള്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കേണ്ടതില്ല എന്ന നിലപാട് ഉന്നയിച്ചു. എന്നാല്‍ ബി ജെ പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെലങ്കാനയെ അനുകൂലിച്ചു സംസാരിച്ചു.

പ്രധാനമന്ത്രിയുമായും മറ്റ് ഉന്നത നേതാക്കളുമായും ആലോചിച്ച് വളരെക്കുറച്ച് കാലയളവിനുള്ളില്‍ തെലങ്കാന പ്രശ്നത്തില്‍ ഒരു പരിഹാരം കാണാനാകുമെന്ന് പി ചിദംബരം പറഞ്ഞു. തുടര്‍ ചര്‍ച്ചയ്ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. തെലങ്കാന വിഷയത്തില്‍ മുതലെടുക്കാന്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുകയാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

പ്രശ്നം പരിഹരിക്കുന്നതുവരെ ആന്ധ്രയില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പൊതുസന്ദേശത്തില്‍ എല്ലാ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി കെ റോസയ്യ, ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു, ബി വി രാഘവലു, ജെ രംഗറെഡ്ഡി (സി പി എം), ചിരഞ്ജീവി, സി രാമചന്ദ്രയ്യ (പ്രജാരാജ്യം), കെ എസ് റാവു, ഉത്തംകുമാര്‍ റെഡ്ഡി(കോണ്‍ഗ്രസ്), ബന്ദാരു ദത്താത്രയ, ഹരി ബാബു (ബി ജെ പി), വൈ രാമകൃഷ്ണഡു, ആര്‍ പ്രകാശ് (ടി ഡി പി), കെ നാരായണന്‍, മലേഷ് (സി പി ഐ), അസാദുദ്ദീന്‍ ഒവൈസി, അക്ബറുദ്ദീന്‍ ഒവൈസി (എം ഐ എം) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.