സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ തിളച്ച മുട്ടക്കറിയില്‍ വീണ് മൂന്നാം ക്ലാസുകാരി വെന്ത് മരിച്ചു. സാംബല്‍പുരിലെ ഗീരീഷ്ചന്ദ്രപൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്കൂളിലാണ് ദാരുണമായ അന്ത്യം നടന്നത്.
മൂന്നാം ക്ലാസുകാരിയായ ബനിതയാണ് തിളച്ച മുട്ടക്കറിയില്‍ വീണ് മരിച്ചത്. ഉച്ചഭക്ഷണം വാങ്ങാന്‍ കുട്ടികള്‍ തിക്കും തിരക്കും ഉണ്ടാക്കുന്നതിനിടെ പെണ്‍കുട്ടി തിളച്ച മുട്ടക്കറി പാത്രത്തിലേക്ക് വീഴുകയായിരുന്നു തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ 70 ശതമാനം ശരീരവും പൊള്ളലേറ്റിരുന്നു.
തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം 10,000 രൂപ അടിയന്തര ധനസഹായം അനുവദിച്ചു.