തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു

Webdunia
വ്യാഴം, 18 ജൂലൈ 2013 (18:17 IST)
PRO
തമിഴ് കവിയും ഗാനരചയിതാവുമായ വാലി അന്തരിച്ചു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 82 വയസായിരുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വാലി പതിനായിരത്തിലേറെ മനോഹര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ടി എസ് രംഗരാജന്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. തമിഴിലെ ഒട്ടുമിക്ക പ്രശസ്ത സംഗീത സംവിധായകരും വാലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്.

മൂന്ന് തലമുറയില്‍ പെട്ട സംഗീത സംവിധായകരുമായി വാലി സഹകരിച്ചു. വെള്ളിയാഴ്ച റിലീസാകുന്ന ‘മരിയാന്‍’ എന്ന ചിത്രത്തില്‍ വരെ വാലിയുടെ ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന കാവ്യ തലൈവന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി പാട്ടുകളെഴുതിയത്. ബുധനാഴ്ച കമലഹാസനും എ ആര്‍ റഹ്‌മാനും ആശുപത്രിയിലെത്തി വാലിയെ കണ്ടിരുന്നു.

സത്യ, ഹേ റാം, പാര്‍ത്താലേ പരവശം, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ സിനിമകളില്‍ വാലി അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റായ മണിച്ചിത്രത്താഴിലെ ‘ഒരുമുറൈ വന്ത് പാര്‍ത്തായാ...’ എന്ന ഗാനത്തിലെ തമിഴ് വരികള്‍ രചിച്ചത് വാലിയായിരുന്നു.

കടുത്ത ദാരിദ്ര്യത്തില്‍ മനം‌മടുത്ത് ആത്മഹത്യയില്‍ അഭയം തേടിയാലോ എന്ന് ചിന്തിച്ച ഒരുകാലം വാലിക്ക് ഉണ്ടായിരുന്നു. സുമൈതങ്കി എന്ന ചിത്രത്തില്‍ കണ്ണദാസന്‍ എഴുതിയ ‘മയക്കമാ കലക്കമാ’ എന്ന ഗാനത്തിലെ വരികളാണ് അദ്ദേഹത്തെ തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ചത്.

‘അപൂര്‍വസഹോദരങ്ങള്‍’ എന്ന സിനിമയില്‍ പ്രണയനൈരാശ്യത്തോടെ നായകന്‍ പാടുന്ന ഗാനം എഴുതാനായി കമലഹാസന്‍ വാലിയെ സമീപിച്ചു. വാലി ഗാനം എഴുതിനല്‍കി. എന്നാല്‍ കമലിന് തൃപ്തിയായില്ല. ആറുതവണ ആ ഗാനം മാറ്റിയെഴുതി. ഒടുവില്‍ പാട്ടെഴുതിനല്‍കിയിട്ട് വാലി പറഞ്ഞു - “ഇതുക്കുമേലൈ എന്നാലെ എഴുത മുടിയാത്”(ഇതില്‍ കൂടുതലായി എനിക്ക് എഴുതാന്‍ കഴിയില്ല). ആ ഗാനമാണ് “ഉന്നൈ നിനച്ചേന്‍ പാട്ടുപഠിച്ചേന്‍ തങ്കമേ ജ്ഞാനതങ്കമേ...”. ആ പാട്ട് ദേശീയ പുരസ്കാരത്തിന് അര്‍ഹമായി. 2007ല്‍ പത്മശ്രീ നല്‍കി രാജ്യം വാലിയെ ആദരിച്ചു.