തമിഴ്നാട് അക്രമം: സിബിഐ അന്വേഷിക്കും

Webdunia
വെള്ളി, 20 ഫെബ്രുവരി 2009 (09:56 IST)
മദ്രാസ് ഹൈക്കോടതിക്ക് പുറത്ത് പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തെ കുറിച്ച് സിബി‌ഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന നിയമസഭയില്‍ ഇന്നുണ്ടാകും. അക്രമത്തില്‍ ഒരു ജഡ്ജി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

സുബ്രഹ്‌മണ്യം സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകടനം നടത്തിയ അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ വച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.

എല്‍ ടി ടി ഇയ്ക്കെതിരെ സുബ്രഹ്‌മണ്യം സ്വാമി നടത്തിയ പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രകടനം നടത്തിയത്. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന് അഭിഭാഷകര്‍ പിരിഞ്ഞു പോയെങ്കിലും പിന്നീട് ഹൈക്കോടതി വളപ്പിലുള്ള പൊലീസ് സ്റ്റേഷന് നേര്‍ക്ക് അക്രമമുണ്ടായി. പൊലീസ് സ്റ്റേഷന് അഭിഭാഷകര്‍ തീ വച്ചെങ്കിലും അഗ്നിശമനസേന ഉടന്‍ തീയണച്ചു.

കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യം സ്വാമിയെ കോടതിമുറിക്കുള്ളില്‍ അഭിഭാഷകര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ കുറ്റക്കാരായ 13 അഭിഭാഷകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.