ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജി റെവ ഖെത്രപാല്‍ ആണ് വധശിക്ഷ പരിഗണിക്കുന്നത്
ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമെ വധശിക്ഷക്ക് നിയമസാധുതയുള്ളു. അതേസമയം പ്രതിഭാഗത്തിന് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തേക്കുമെന്നാണ് സൂചന. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസംബര്‍ 16-ന് രാത്രിയാണ് ഡല്‍ഹിയില്‍ 23-കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പരിക്കുകളെതുടര്‍ന്ന് നില ഗുരുതരമായ പെണ്‍കുട്ടിയെ കുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നു. ഇതില്‍ ഒന്നാം പ്രതി രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. തികച്ചും സ്ത്രീപക്ഷമായ വിധിയെന്നാണ് പ്രതികള്‍ക്കുള്ള ശിക്ഷയെ രാജ്യമൊന്നടങ്കം വിശേഷിപ്പിക്കുന്നത്.