രാജ്യ തലസ്ഥാനമായ ഡല്‍ഹി കുതിക്കുന്നു, വികസനത്തിലല്ല, ബലാത്സംഗ കണക്കുകളില്‍. ഈ വര്‍ഷം ഇതുവരെ 1,121 ബലാത്സംഗ കേസുകളാണ് ഡല്‍ഹിയില്‍ രജിസ്‌റ്റര്‍ ചെയ്തത്. 13 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണ് 2013.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബലാത്സംഗങ്ങള്‍ ഇരട്ടിയായെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 31 വരെ മാത്രം 1,121 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 468 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശുഭസൂചനയാണെന്നാണ് ഡല്‍ഹി പോലീസിന്റെ പക്ഷം.
സ്ത്രീകള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത 80 ശതമാനം കുറ്റകൃത്യങ്ങളിലും ആദ്യ ആഴ്ച തന്നെ പ്രതികളെ അറസ്റ്റ് ചെയതതായി ഡല്‍ഹി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക വനിത സെല്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2010ല്‍ 507 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2011ല്‍ ഇത് 572 ആയി ഉയര്‍ന്നു.