ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ‘100’ സംരക്ഷണം

Webdunia
ശനി, 27 നവം‌ബര്‍ 2010 (20:14 IST)
PRO
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ സുരക്ഷിതരല്ല എന്ന ബോധം ഇനി വേണ്ട. തലസ്ഥാന നഗരിയില്‍ രാത്രിയില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ ഇനി ‘100’ എന്ന ഹെല്‍‌പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ പൊലീസെത്തി അവരെ ലക്‍ഷ്യസ്ഥാനത്ത് എത്തിക്കും.

രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുപ്പതുകാരിയായ ഒരു ബിപി‌ഒ ജോലിക്കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവമാണ് പൊലീസിനെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനമെടുപ്പിച്ചത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ട്രോള്‍ റൂം ഹെല്‍പ്പ് നമ്പര്‍ പരസ്യപ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ അവരുമായി സുരക്ഷാ കാര്യത്തില്‍ സമ്പര്‍ക്കം പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. നഗരത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് എന്നും പൊലീസ് വക്താവ് പറയുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ ബിപി‌ഒകളോട് ആവശ്യപ്പെടും. ജിപി‌എസ് സംവിധാനം ഉപയോഗിച്ച് ഓഫീസ് വാഹനങ്ങളുടെ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കണമെന്നും ജീവനക്കാരെ വീടിനു മുന്നില്‍ ഇറക്കിയ ശേഷം അവരുമായി ടെലഫോണില്‍ സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാഹനം തിരികെ പോകാവൂ എന്നും പൊലീസ് നിര്‍ദ്ദേശം നല്‍കും.