ടുജി സ്‌പെക്ട്രം: ലേലനടപടികളുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി

Webdunia
ഞായര്‍, 2 ഫെബ്രുവരി 2014 (16:15 IST)
PRO
PRO
ടുജി സ്‌പെക്ട്രം ലേലനടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. ലേലം നിര്‍ത്തിവെക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെവി വിശ്വനാഥന്‍ ടെലികോ കമ്പനികളുടെ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തു. നേരത്തെ ടെലികോം കമ്പനികളുടെ ആവശ്യം ടെലികോ തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

ലേലത്തിലൂടെ 11,300 കോടി രൂപ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 48,685 രൂപയാണ് ലേലത്തിലെ അടിസ്ഥാന വില. 1800 മെഗാഹെട്‌സ് ബാന്‍ഡില്‍ 403 മെഗാഹെട്‌സ് എയര്‍വേവ്‌സും, 900 മെഗാഹെട്‌സ് ബാന്‍ഡില്‍ 46 മെഗാഹെട്‌സുമാണ് ലേലത്തില്‍ വെക്കുന്നത്. ടു ജി അഴിമതിയെതുടര്‍ന്ന് സുപ്രീം കോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും ലേലം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

ഇതേസമയം സ്‌പെക്ട്രം ലൈസന്‍സ് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും വൊഡാഫോണും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികളുടെ സ്‌പെക്ട്രം ലൈസന്‍സ് കാലാവധി വരുന്ന നവംബറിലും ഐഡിയയുടെ ലൈസന്‍സ് കാലാവധി 2015 ഡിസംബറിലും അവസാനിക്കും. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് നീട്ടി നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.