ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്(ബിഇഎംഎല്‍) തലവന്‍ വിആര്‍എസ് നടരാജനെ പ്രതിരോധ മന്ത്രാലയം സസ്‌പെന്റു ചെയ്‌തു. സി ബി ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്പെന്‍ഷന്‍ എന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നടരാജന്‍ സര്‍വീസിലിരിക്കുമ്പോള്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് സി ബി ഐ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ ടട്ര ട്രക്ക് വാങ്ങുന്നതിനായി തനിക്ക് 14 കോടി രൂപ വാഗ്‌ദാനം നല്‍കിയിരുന്നുവെന്ന മുന്‍ കരസേനാ മേധാവി വി കെ സിംഗിന്റെ വെളിപ്പെടുത്തലിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ബിഇഎംഎല്‍ വഴിയാണ് ടട്ര ട്രക്കുകള്‍ സൈന്യത്തിന് ലഭിച്ചിരുന്നത്.
വി കെ സിംഗിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയതില്‍, ഈയിടെ പ്രതിരോധമന്ത്രാലയം നടരാജന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു.