താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്നും സോണിയ വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡിസംബര്‍ 19ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സോണിയയും രാഹുല്‍ ഗാന്ധിയും ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സോണിയ ഗാന്ധി.
ചൊവ്വാഴ്ച ഹാജരാകാനായിരുന്നു കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നേരത്തെ തീരുമാനിച്ച പരിപാടികള്‍ കാരണം ഇരുവര്‍ക്കും ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് 11 ദിവസത്തെ സമയം നല്‍കിക്കൊണ്ട് ഡിസംബര്‍ 19ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സോണിയാ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിന്‍റെ നേതാക്കളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബി ജെ പി ഇത്തരം കേസുകളുണ്ടാക്കുകയാണെന്നും നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം വച്ചു.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ തട്ടിയെടുത്തു എന്നാരോപിച്ച് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ സുബ്രഹ്മണ്യം സ്വാമി ആയിരുന്നു കേസ് ഫയല്‍ ചെയ്തത്. രാഹുലിനും സോണിയയ്ക്കും പുറമേ പാര്‍ട്ടി ട്രഷറര്‍ മോത്തി ലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാം പിത്രോദ എന്നിവര്‍ക്കും കേസില്‍ കേസില്‍ കോടതി സമന്‍സ് അയച്ചിരുന്നു.
1938ല്‍ ജവഹര്‍ലാല്‍ നെഹറു സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. അസോസിയേറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഈ പത്രം 2008ലാണ് അടച്ചു പൂട്ടിയത്. ഈ പത്രത്തിന്റെ 99 ശതമാനം ഓഹരികള്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി ട്രഷറര്‍ മോത്തി ലാല്‍ വോറ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തിരുന്നു. യങ് ഇന്ത്യ കമ്പനിക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ 90 കോടി രൂപ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് വായ്പ അനുവദിച്ചു എന്നതാണ് കേസിനാധാരം.