"ഞാന്‍ ആദ്യം മരിക്കും, അതുകണ്ട് കരുണാനിധി കരയും" - അഴഗിരി

Webdunia
ബുധന്‍, 29 ജനുവരി 2014 (12:47 IST)
PTI
PTI
ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ വിവാദ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി മകന്‍ അഴഗിരി. കരുണാനിധിക്ക് മുമ്പ് താന്‍ മരിക്കും എന്നാണ് അഴഗിരി പറഞ്ഞത്. കരുണാനിധി നൂറു വര്‍ഷം ജീവിച്ചിരിക്കും. അദ്ദേഹത്തിന്റെ കണ്ണുനീര്‍ തന്റെ മ‌ൃതദേഹത്തില്‍ വീഴും എന്നും അഴഗിരി പറഞ്ഞു.

സ്റ്റാലിന്‍ കുറച്ചു മാസങ്ങള്‍ക്കകം മരിക്കും എന്ന് അഴഗിരി പറഞ്ഞിരുന്നു എന്നും ഒരു പിതാവിന് അതെങ്ങനെ താങ്ങാന്‍ കഴിയും എന്നുമാണ് കരുണാനിധി കഴിഞ്ഞ ദിവസം പറഞ്ഞത്. അഴഗിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു കരുണാനിധി. എന്നാല്‍ കരുണാനിധി പറ‍ഞ്ഞതൊക്കെ കളവാണെന്നും തന്റെ സ്വപ്നത്തില്‍ പോലും അങ്ങനെയൊരു കാര്യം ആലോചിക്കാനാവില്ലെന്നുമാണ് അഴഗിരി ഇതിനോട് പ്രതികരിച്ചത്. തന്നെ പുറത്താക്കിയതിന് കാരണമായി കരുണാനിധി ഇതൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിനോട് അഴഗിരിയ്ക്ക് ഇത്രയും പക തോന്നുന്നതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും കരുണാനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മകന്‍ അഴഗിരിയെ ഉടന്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് സൂചനയും അദ്ദേഹം നല്‍കി. അച്ചടക്കമില്ലായ്‌മയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിലാണ് അഴഗിരിയെ കഴിഞ്ഞ ആഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ കരുണാനിധിയുടെ പിന്‍‌ഗാമിയായി അഴഗിരി സ്വയം പ്രഖ്യാപിച്ചിരുന്നു.