പാര്‍ലമെന്റില്‍ ജെ എന്‍ യു-ഹൈദരാബാദ് വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകാനിരിക്കെ പ്രതിരോധം തീര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ജെ എന്‍ യു സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മോഡി വ്യക്തമാക്കി. അതേസമയം സഭയില്‍ പ്രതിപക്ഷത്തെ ശക്തമായി നേരിടാന്‍ തന്നെയാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ മീനാക്ഷി ലേഖിയും രാജ്യസഭയില്‍ സ്മൃതി ഇറാനിയും ജെ എന്‍ യു വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടും. പാര്‍ലമെന്റില്‍ പ്രതിപക്ഷ നിലപാട് തുറന്നുകാട്ടുമെന്നും ബി ജെ പി വ്യക്തമാക്കി.
ജെ എന്‍ യുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കനയ്യ ജാമ്യ ഹര്‍ജി നല്‍കിയാല്‍ എതിര്‍ക്കില്ലെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയ ഡല്‍ഹി പൊലീസ് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു.