ബോളിവുഡ് താരം ജിയാ ഖാന്റെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജിയാ ഖാന്റെ നഖത്തിനടിയില്‍നിന്ന് മനുഷ്യമാംസത്തിന്റെ അംശവും അടിവസ്ത്രത്തില്‍ രക്തക്കറയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കലീന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് മുമ്പ് ബലപ്രയോഗം നടന്നതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തല്‍.
ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. കേസില്‍ അറസ്റ്റിലായിരുന്ന സൂരജ് ഇപ്പോള്‍ ജാമ്യത്തിലാണ്. നടന്‍ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ജിയയെ ജുഹുവിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. മറ്റൊരു പ്രവൃത്തി ചെയ്യാന്‍ കഴിയാത്തവിധത്തില്‍ ജിയ അന്ന് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ജുഹുവില്‍ അമ്മ റൂബിയയോടും സഹാദരിയോടുമൊപ്പമായിരുന്നു ജിയാ ഖാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല. പോലീസ് വിവരമറിഞ്ഞ് രാത്രി 12 മണിയോടെയാണ് വീട്ടിലെത്തിയത്. അബോധാവസ്ഥയിലായിരുന്ന ജിയയെ ഉടന്‍തന്നെ കൂപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയാ ഖാന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സംഭവം വിശദമായി അന്വേഷിക്കാന്‍ ജൂഹു പോലീസിനോട് കോടതി നിര്‍ദേശിച്ചു. ജിയയുടെ മൃതദേഹത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുള്ള ചിത്രങ്ങള്‍ റാബിയാ ഖാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.