തലയിലേക്ക് ജാവലിന്‍ തുളച്ചു കയറി മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 11 വയസ്സുകാരന്‍ മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സിആര്‍ പാര്‍ക്ക് ഗവണ്മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി റോഷനാണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ കഴിയുകയായിരുന്ന റോഷന്‍ ചൊവ്വാഴ്ച കാലത്ത് ഒമ്പതു മണിയോടെയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഉച്ച ഭക്ഷണം കഴിഞ്ഞ് ഗ്രൌണ്ടിലൂടെ ക്ലാസിലേക്കു പോകും വഴിയാണ് റോഷന്റെ തലയിലേക്ക് ജാവലിന്‍ തുളച്ചു കയറിയത്.
ഒരു വിദ്യാര്‍ത്ഥി എറിഞ്ഞ ജാവലിനാണ് റോഷന്റെ തലയുടെ വലതുഭാഗത്ത് ആഴത്തില്‍ തറച്ചു കയറിയത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജാവലിന്‍ റോഷന്റെ തലയിലേക്ക് പാഞ്ഞുകയറിയത്.
സംഭവത്തില്‍ രണ്ട് അധ്യാപകരെയും ജാവലിന്‍ എറിഞ്ഞ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കായികാധ്യാപകന്റെ കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.