ജപ്പാന് രജനീകാന്തിന്റെ സഹായം

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2011 (13:21 IST)
PRO
പ്രകൃതിദുരന്തം തകര്‍ത്തെറിഞ്ഞ ജപ്പാനിലെ ജനങ്ങള്‍ക്ക് തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ സഹായ ഹസ്തം. ഭൂചലനവും സുനാമിയും നാശം വിതച്ച ജപ്പാനിലെ ജനങ്ങള്‍ അണുവികിരണ ഭീഷണിയില്‍ നട്ടം തിരിയുന്നതിനിടെയാണ് രജനീകാന്ത് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

പൊതുവെ സാമൂ‍ഹ്യപ്രവര്‍ത്തനങ്ങളില്‍ തല്‍‌പരനായ അദ്ദേഹം ജപ്പാനിലെ കെടുതികളെക്കുറിച്ച് മനസ്സിലാക്കാന്‍ അവിടേക്ക് ഒരു ടീമിനെ അയയ്ക്കുമെന്നാണറിയുന്നത്. ഇവര്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കും.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മറ്റു താരങ്ങളോടും രജനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൂര്യ, വിജയ്, കമലഹാസന്‍ എന്നീ നടന്മാരും ധനസഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റാണ‘യില്‍ അഭിനയിക്കുന്ന ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും ജപ്പാനെ സഹായിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി. ബോളിവുഡിലെ മറ്റു ചില താരങ്ങളും ജപ്പാനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു.

എല്ലാം നഷ്‌ടപ്പെട്ട് നിസ്സഹായാവസ്ഥയിലായ ജപ്പാനിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് രജനി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ആരാധിക്കുന്ന നിരവധി ഇന്ത്യന്‍ വംശജര്‍ ജപ്പാനില്‍ ഉണ്ടെന്ന തിരിച്ചറിവാണ് രജനിയുടെ ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ‘മുത്തു - ദ ഡാന്‍സിംഗ് മഹാരാജ‘, ‘യന്തിരന്‍‘ എന്നീ ചിത്രങ്ങള്‍ ജപ്പാനില്‍ വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.