ജനുവരിയില്‍ ഇന്ത്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമം നടന്നു?

Webdunia
ബുധന്‍, 4 ഏപ്രില്‍ 2012 (11:00 IST)
PRO
PRO
ഇന്ത്യയുടെ പ്രതിരോധമന്ത്രാലയം വിവാദത്തില്‍ കുളിച്ചു നില്‍ക്കെ രാജ്യസുരക്ഷയെ തന്നെ ആശങ്കയിലാക്കുന്ന സുപ്രധാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജനുവരി 16,17 തീയതികളില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക്‌ സംശയാപ്‌ദമായ സാഹചര്യത്തില്‍ സൈനിക നീക്കം നടന്നു എന്നാണ് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്‌' പത്രം പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത. ജനനതീയതി വിവാദത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗ്‌ സുപ്രീംകോടതിയെ സമീപിച്ച ദിവസമാണ് നീക്കം ഉണ്ടായതെന്നും പത്രം പറയുന്നു.

തങ്ങള്‍ക്ക് ലഭിച്ച ചില സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുവിടുന്നതെന്ന ആമുഖത്തോടെ ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്‌‘ എഡിറ്റര്‍ ശേഖര്‍ ഗുപ്‌തയാണ് വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട്‌ സായുധ യൂണിറ്റുകളാണ്‌ ഡല്‍ഹി ലക്‍ഷ്യമാക്കി നീങ്ങിയത്‌. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയാണ് ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് 17-ന്‌ പുലര്‍ച്ചെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ വിളിച്ചുണര്‍ത്തി കാര്യം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് മുമ്പെ തന്നെ സൈന്യത്തെ തിരിച്ചുവിട്ടു.

എന്നാല്‍ രാജ്യത്ത് പട്ടാള അട്ടിമറിക്കുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സൈനിക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച്‌ ആണ് ഇത്. അതേസമയം ഹരിയാനയില്‍ നിന്ന് 150 കിലോമീറ്ററിലേറെ സഞ്ചരിച്ച്‌ ഡല്‍ഹിലെത്തി പരിശീലനം നടത്തേണ്ട കാര്യമെന്നാണ് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

English Summary: At a time when Army Chief Gen VK Singh’s shocking revelations and his all out war against the government has damaged the civil-military relations, a shocking revelation that the Indian Army had moved its two units towards New Delhi without notifying the establishment on January 16 is further likely to worsen the situation.