ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. റോഡില്‍ സ്ഥാപിച്ച കുഴിംബോംബ് പൊട്ടിയാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ദന്തേവാഡയ്ക്കടുത്തുള്ള മെലാവഡ വനത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്.
സൈനിക വാഹനം കടന്നുപോകുന്ന സമയത്ത് റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ദന്തേവാഡ ക്യാമ്പില്‍ നിന്നും മേലവാഡയിലേക്ക് നീങ്ങുകയായിരുന്നു സൈനികര്‍. സ്ഫോടനം നടക്കുമ്പോള്‍ 20 ഓളം സൈനികര്‍ വാഹനത്തിലുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ റോഡില്‍ ആറടി ആഴത്തിലുള്ള കുഴി രൂപപ്പെട്ടു.
ഉന്നത സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഈ മാസം മാവോയിസ്റ്റുകള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യം ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.