ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജന ശ്രദ്ധ തിരിക്കാനായി 2012 നു മുമ്പ് ചൈന ഇന്ത്യയെ ആക്രമിച്ചേക്കാമെന്ന് ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍. “ഇന്ത്യന്‍ ഡിഫന്‍സ് റിവ്യൂ” എഡിറ്ററായ ഭരത് വര്‍മ്മയാണ് ഇക്കാര്യം പറയുന്നത്.
ചൈനയിലെ ജനങ്ങളില്‍ കടുത്ത അതൃപ്തി വളര്‍ന്നു വരികയാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും കമ്യൂണിസ്റ്റു ഭരണത്തിന് ഭീഷണി ഉയര്‍ത്തുന്നു. ചൈന 2012 ഓടെ ഇന്ത്യയെ ആക്രമിക്കും. നിരാശയോടെയുള്ള ഈ ആക്രമണത്തിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ഈ ആക്രമണത്തിലൂടെ ഏഷ്യയിലെ ആധിപത്യം ഉറപ്പിക്കാനാവും ചൈനയുടെ ശ്രമം എന്നും ഭരത് പറയുന്നു.
സാമ്പത്തിക മാന്ദ്യം ചൈനയുടെ കയറ്റുമതിയെ അടച്ചു പൂട്ടിച്ചു. ഇത് മുമ്പെങ്ങുമില്ലാത്ത വിധം ആഭ്യന്തര-സാമൂഹിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഈ സാഹചര്യം, ഭാവിയില്‍ കമ്യൂണിസ്റ്റു ഭരണത്തിന് ഭീഷണിയായേക്കാമെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മയും മൂലധനം, വിദേശ വിനിമയ നീക്കിയിരുപ്പ് എന്നീ മേഖലകളിലെ തകര്‍ച്ചയും ആഭ്യന്തരമായ അതൃപ്തിയും ഇത്തരത്തിലുള്ള കണക്കുകൂട്ടലിനു കാരണമാണെന്ന് ഭരത് വര്‍മ്മ പ്രതിരോധ മാസികയുടെ എഡിറ്റോറിയലില്‍ പറയുന്നു.
ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതും ചൈനയുടെ നിയന്ത്രണം നഷ്ടമാക്കുമെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ കാരണമാവുമെന്നും വര്‍മ്മ പറയുന്നു. ഇതിനു പുറമെ അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധം ശക്തിപ്പെട്ടതും അസ്വസ്ഥതയ്ക്ക് കാരണമാവുന്നു. ഇത് സാങ്കേതികമായി ഇന്ത്യ മെച്ചപ്പെടുമെന്ന ഭീഷണി ഉയര്‍ത്തുമെന്ന് ചൈന കരുതുന്നു.
ഉത്തരകൊറിയയ്ക്ക് ഭൂഗര്‍ഭ ആണവ പരീക്ഷണത്തിനും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും രഹസ്യമായി സമ്മതം നല്‍കിയ ചൈന ദക്ഷിണ ചൈന കടലില്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതു വഴി സ്പ്രാറ്റി ദ്വീപുകളിലെ ആധിപത്യം ഉറപ്പിച്ചു എന്നും ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.
മാന്ദ്യം പ്രതികൂലമായി ബാധിച്ച സമയത്ത് ജപ്പാനെയോ പാശ്ചാത്യ രാജ്യങ്ങളെയോ എതിരിടുന്നത് ബുദ്ധിപരമല്ല എന്ന് ചൈന കരുതിയേക്കാം. ഈ സമയം, ഇന്ത്യയെ ആക്രമിച്ച് വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ ബലമായി കീഴടക്കാനായിരിക്കും രാജ്യം ശ്രമിക്കുക എന്നും വര്‍മ്മ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, ഇന്ത്യ ഇത്തരത്തില്‍ ഒരു ആക്രമണത്തെ നേരിടാന്‍ തയാറെടുത്തിട്ടില്ല. ഇന്ത്യ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉള്ള ആക്രമണത്തെ ഒരേസമയം നേരിടാന്‍ ഇന്ത്യന്‍ സൈന്യവും ആഭ്യന്തര ഭീഷണിയെ നേരിടാന്‍ ഭരണവും സുസജ്ജമല്ല എന്നും വര്‍മ്മ പറയുന്നു.