ചെന്നൈ സ്ത്രീകളുടെ പറുദീസ?

Webdunia
വ്യാഴം, 27 ജനുവരി 2011 (09:39 IST)
WD
ഡല്‍ഹി നഗരം സ്ത്രീകള്‍ക്ക് പേടിസ്വപ്നമായി മാറുമ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ചെന്നൈ സ്തീകളുടെ സ്വന്തം നഗരമാവുന്നു എന്ന് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറൊയുടെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ 35 നഗരങ്ങളുടെ പട്ടികയില്‍ മുപ്പത്തിനാലാം സ്ഥാനത്താണ് ചൈന്നൈ.

ഡല്‍ഹിയും ഹൈദരാബാദും അഹമ്മദാബാദും ബാംഗ്ലൂരും മുംബൈയും ആണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ചെന്നൈയും ധന്‍‌ബാദുമാണ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പൂവാല ശല്യം, ബലാത്സംഗം, ഗാര്‍ഹികപീഡനം, ബന്ദിയാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംസ് റിക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ സ്ത്രീകള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുമ്പോള്‍ ചെന്നൈയില്‍ അതുണ്ടാവുന്നില്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. സ്ത്രീകള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കുന്നത് കാരണമാണ് നഗരത്തില്‍ അത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തത് എന്നും വിമര്‍ശകര്‍ പറയുന്നു.