ചെന്നൈ മടങ്ങിവരുന്നു, ട്രെയിന്‍ സര്‍വീസ് സാധാരണനിലയില്‍

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (08:37 IST)
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിന് സാക്‍ഷ്യം വഹിച്ച ചെന്നൈ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പ്രധാന റോഡുകളെല്ലാം സഞ്ചാരയോഗ്യമായിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ എല്ലാ തീവണ്ടികളും സര്‍വീസ് നടത്തുമെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുള്ളത്.
 
കഴിഞ്ഞ നാലുദിവസമായി ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഞായറാഴ്ച സ്റ്റേഷനുകള്‍ തുറന്നെങ്കിലും ഭാഗികമായി മാത്രമേ സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞുള്ളൂ. കേരളത്തിലേക്കുള്ള എല്ലാ പ്രതിദിന തീവണ്ടികളും തിങ്കളാഴ്ച സര്‍വീസ് നടത്തും. എന്നാല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തിങ്കളാഴ്ച കൊല്ലത്തേക്കുള്ള പ്രത്യേക തീവണ്ടിയും ആലപ്പുഴയില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്കുള്ള ആലപ്പി - ചെന്നൈ എക്‌സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്.
 
ചെന്നൈ വിമാനത്താവളവും ഞായറാഴ്ച ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച പൂര്‍ണസ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്നാണ് അറിയുന്നത്. ഡല്‍ഹി, ഹൈദരാബാദ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഞായറാഴ്ച തുടങ്ങിയത്. ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ടായിരിക്കും.
 
കഴിഞ്ഞ നാലുദിവസമായി തുടര്‍ന്ന ഇന്ധനക്ഷാമത്തിനും തിങ്കളാഴ്ചയോടെ പരിഹാരമാകും. നഗരത്തിലെ ഇന്ധനക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ 80 ശതമാനത്തിലധികം പമ്പുകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. 
 
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.