ചവാന് ഭീഷണി: രണ്ട് പേര്‍ പിടിയില്‍

Webdunia
ഞായര്‍, 5 സെപ്‌റ്റംബര്‍ 2010 (15:13 IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരെ ടെലഫോണിലൂടെ വധ ഭീഷണി മുഴക്കിയ രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഒരാളെ നാസിക്കില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരാളെ ജാല്‍ഗാവനില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു.

അബ്ദുള്‍ ഗനി ഷാ എന്നയാളെയാണ് നാസിക്കില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് എട്ട് സിം കാര്‍ഡുകളും മന്ത്രിമാരുടെ ടെലഫോണ്‍ നമ്പരുകള്‍ അടങ്ങുന്ന ഡയറിയും കണ്ടെടുത്തിട്ടുണ്ട്. റയില്‍‌വെ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ച് ഭീഷണി മുഴക്കും മുമ്പ് ഇയാള്‍ ധിയോലാലി റയില്‍‌വെ സ്റ്റേഷനിലേക്ക് വിളിച്ച് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

അല്‍-ക്വൊയ്ദ അംഗമാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ച ഒരാള്‍ ചവാനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ജാല്‍ഗാവനിലെ ഹരിഷ്ചന്ദ്ര യാദവ് എന്നയാളുടെ മൊബൈലില്‍ നിന്നാണ് കോള്‍ വന്നതെന്ന് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തി.

കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഹരിഷ്ചന്ദ്ര യാദവാണോ മറ്റാരെങ്കിലും ആണോ ഫോണ്‍ ഉപയോഗിച്ചത് എന്ന് പൊലീസിന് വ്യക്തമായിട്ടില്ല.