ഗെയിംസ് അഴിമതി ആരോപണം: പി‌എം‌ഒ ഇടപെടുന്നു

Webdunia
ശനി, 31 ജൂലൈ 2010 (15:18 IST)
PRO
ഒക്ടോബറില്‍ ഡല്‍ഹിയില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടനത്തില്‍ അഴിമതിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുന്നു. അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌, ക്യാബിനറ്റ്‌ സെക്രട്ടറി കെ എം ചന്ദ്രശേഖറോട് നിര്‍ദേശിച്ചു. കരാറുകളില്‍ വന്‍ക്രമക്കേട്‌ കണ്ടെത്തിയ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണര്‍, സിബിഐ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കിയിരുന്നു.

ക്രമക്കേടിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ആരംഭിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ ഗെയിംസിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേത്‌ ഉള്‍പ്പെടെയുള്ള വേദികള്‍ നിലവാരമില്ലാത്തതാണെന്നാണ്‌ ആരോപണം.

ഇന്ന് കോമണ്‍‌വെല്‍ത്ത് ഗെയിംസ് വേദി സന്ദര്‍ശിക്കാനിരുന്ന ക്യാബിനറ്റ് സെക്രട്ടറി അറിയിപ്പുകളൊന്നുമില്ലാറതെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാല്‍ ക്യാബിനറ്റ് സെക്രട്ടറിയുടേത് പതിവ് സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം മറ്റൊരു ദിവസം ഗെയിംസ് വേദിയിലെത്തുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.