കൌശലം കാട്ടി കൌശല്‍ കുടുങ്ങി!

Webdunia
ഞായര്‍, 27 മാര്‍ച്ച് 2011 (17:43 IST)
PRO
PRO
ട്വിറ്ററിലൂടെ വ്യാജ സന്ദേശം അയച്ചതിന് നടിയും സ്പോര്‍ട്ട്‌സ് അവതാരകയുമായ മന്ദിര ബേദിയുടെ ഭര്‍ത്താവ് രാജ് കൗശലിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തു.

ബാന്ദ്ര-വര്‍ളി സീ ലിങ്കിന്‍റെ മൂന്നു കേബിളുകള്‍ പൊട്ടിയെന്ന് ഇയാള്‍ വ്യാജ ട്വീറ്റുകള്‍ അയയ്ക്കുകയായിരുന്നു. സന്ദേശം കാട്ടുതീ പോലെ പടര്‍ന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

പാലത്തിന്‍റെ മൂന്നു കേബിളുകള്‍ തകര്‍ന്നുവെന്ന് സന്ദേശത്തില്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പാലം നിര്‍മിച്ച ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് സന്ദേശം അയച്ചത് കൌശല്‍ ആണെന്ന് വ്യക്തമായത്. തമാശയ്ക്ക് ചെയ്തതാണെന്നാണ് കൗശല്‍ പൊലീസിനോട് പറഞ്ഞു.