കോമണ്‍വെല്‍ത്ത് അഴിമതി: മഹേന്ദ്രുവിനും ജാമ്യം

Webdunia
ശനി, 15 ജനുവരി 2011 (16:45 IST)
PRO
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘാടക സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മഹേന്ദ്രുവിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരിക്ക് ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കുകയും വഞ്ചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് ഗെയിംസിന്റെ സംഘാടക സമിതി അംഗങ്ങളായിരുന്ന ഇരുവരെയും സി ബ ഐ നേരത്തെ അറസ്റ്റുചെയ്തത്.

സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തരാണ് ഇരുവരും.

ലണ്ടനില്‍ തീരെ അറിയപ്പെടാത്ത എ എം ഫിലിംസ്, എ എം കാര്‍ ആന്‍ഡ് വാന്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് ഭീമമായ തുകയ്ക്കാണ് സംഘാടക സമിതി കരാര്‍ നല്‍കിയത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ദര്‍ബാരിയെയും മഹേന്ദ്രുവിനെയും സംഘാടക സമിതി ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു.