കോണ്‍ഗ്രസും ബിജെപിയും പരസ്പരം ചെളിവാരിയെറിയുന്നു: ഹസാരെ

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2012 (09:38 IST)
PTI
PTI
കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ ആക്രമിച്ച് അണ്ണാ ഹസാരെ. അഴിമതിയുടെ കറുപ്പ് പുരണ്ട കൈകളുമായാണ് കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണമുന്നയിക്കുന്നതെന്ന് ഹസാരെ പറഞ്ഞു. ഇരുപാര്‍ട്ടികളും പരസ്പരം ചെളിവാരിയെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബ്ലോഗിലൂടെയാണ് ഹസാരെയുടെ ആക്രമണം. ഇരുപാര്‍ട്ടികള്‍ക്കും രാജ്യത്തിന് നല്ല ഭാവി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷമോ പാര്‍ട്ടിയോ നോക്കാതെ, കഴിവുള്ളവരെ മാത്രമേ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട്, ഹസാരെ സംഘാംഗമായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുടെയും സോണിയാ ഗാന്ധിയുടെയും നിതിന്‍ ഗഡ്കരിയുടേയും വസതികള്‍ ഞായറാഴ്ച ഉപരോധിക്കാന്‍ ശ്രമിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹസാരെയുടെ ബ്ലോഗ് പോസ്റ്റ് വന്നത്.