കോക്‌പിറ്റിലെത്താന്‍ ഒരു മിനിറ്റ് വൈകി; പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

Webdunia
വെള്ളി, 20 മാര്‍ച്ച് 2015 (10:14 IST)
കോക്‌പിറ്റില്‍ എത്താന്‍ ഒരു മിനിറ്റ് വൈകിയതിന് പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്. എയര്‍ ഇന്ത്യയുടെ പൈലറ്റിനാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് നോട്ടീസ് നല്കിയത്.
 
വിമാനം പുറപ്പെടേണ്ടതിന് 45 മിനിറ്റ് മുമ്പ് പൈലറ്റുമാര്‍ കോക്‌പിറ്റിലെത്തണമെന്നാണ് നിയമം. എന്നാല്‍, ഒരു മിനിറ്റ് വൈകി 44 മിനിറ്റു മുമ്പാണ് എയര്‍ ഇന്ത്യയിലെ ഈ മുതിര്‍ന്ന പൈലറ്റ് കഴിഞ്ഞദിവസം കോക്‌പിറ്റിലെത്തിയത്. ഇതിന്റെ കാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്കിയിരിക്കുന്നത്.
 
ഡല്‍ഹിയില്‍ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ 213 വിമാനത്തില്‍ ഫെബ്രുവരി 26നായിരുന്നു സംഭവം. സുരക്ഷാപരിശോധനകള്‍ ഫലപ്രദമായ രീതിയില്‍ നടത്താന്‍ 45 മിനിറ്റ് മുമ്പാണ് പൈലറ്റുമാര്‍ വിമാനത്തില്‍ എത്തേണ്ടത്. എന്നാല്‍, 
എഐ 213 വിമാനത്തില്‍ ഒരു മിനിറ്റ് വൈകി 44 മിനിറ്റുള്ളപ്പോഴാണ് പൈലറ്റ് എത്തിയത്. ഇക്കാരണത്താലാണ്, പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതെന്ന് ഡി ജി സി എയുടെ ജോയിന്റ് ഡയറക്‌ടറേറ്റ് ജനറല്‍ ലളിത് ഗുപ്‌ത പറഞ്ഞു.
 
വിമാനങ്ങളുടെ മുന്‍ഭാഗത്ത് കാണുന്ന ഒരു ഭാഗമാണ് കോക്പിറ്റ് അഥാവാ ഫ്ലൈറ്റ് ഡെക്. പൈലറ്റുമാര്‍ കോക്പിറ്റില്‍ ഇരുന്നാണ് വിമാനം നിയന്ത്രിക്കുന്നത്. വലിയ വിമാനങ്ങളിലെല്ലാം കോക്പിറ്റ് ഒരു അടച്ചിട്ട പ്രത്യേക മുറിയായിരിക്കും.