കേന്ദ്രസര്‍ക്കാര്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക്

Webdunia
വെള്ളി, 18 മെയ് 2012 (17:34 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുപിഎ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശ പഠന യാത്രകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ കോണ്‍ഫറന്‍സുകള്‍ എന്നിവയും അനുവദിക്കില്ല.

വാഹനങ്ങള്‍ വാങ്ങുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വില കൂടിയ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വിലക്കും. സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗത്തിനും മാത്രമാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കുക. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍, ഇന്ധനം തുടങ്ങിയ ഇനത്തില്‍ 10 ശതമാനം കുറവു വരുത്താനും തീരുമാനമായിട്ടുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ ചെലവ് ചുരുക്കലിനെ കുറിച്ച് പ്രണബ് ലോക്സഭയില്‍ സൂചന നല്‍കിയതാണ്.

2009, 2011 വര്‍ഷങ്ങളില്‍ സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുമെന്നും പ്രണബ് വ്യക്തമാക്കി.