ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ യാത്ര വൈകുമെന്നുറപ്പായി. വൈകിട്ട് 6:40നുള്ള വിമാനത്തില്‍ ആയിരിക്കും മദനി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുക. ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ വഴി രാത്രി 9:40 ഓടെ മദനി തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങും.
മദനി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. രാവിലെ ആറ് മണിയോടെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്ര അനിശ്ചിത്വത്തിലായത്. മദനിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോസ്ഥരുടെ ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര വൈകിയത്. ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തടവുപുള്ളിയെ കൊണ്ടുപോകുമ്പോഴുള്ള രേഖകള്‍ കൈമാറുന്നതില്‍ കര്‍ണാടക പൊലീസ് വീഴ്ച വരുത്തുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രവ്യോമയാനസഹമന്ത്രി കെ സി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
രണ്ടു മക്കളും അഭിഭാഷകനും 'ജസ്റ്റിസ് ഫോര്‍ മദനി' ഫോറത്തിലെ അംഗങ്ങളും മദനിയ്ക്കൊപ്പം ഉണ്ട്. ഞായറാഴ്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് മദനിക്കു ബാംഗ്ല്ല്ലൂര്‍ പ്രത്യേക കോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചത്. കേരളാ പൊലീസ് മദനിയ്ക്ക് വേണ്ട സുരക്ഷ ഒരുക്കിയിട്ടുണ്ട്. ദക്ഷിണമേഖല എഡിജിപി എ ഹേമചന്ദ്രനാണ് സുരക്ഷയുടെ ചുമതല.
രണ്ടര വര്‍ഷമായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനിയ്ക്ക് ഇതാദ്യമായാണ് ജാമ്യം ലഭിക്കുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. മദനി സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് 12 വരെയാണ് മദനിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വാറശേരിയില്‍ രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെയും മദനി കാണും. മദനി മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.