കൂടംകുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിന് പിന്നാലെ അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു.
തിരുനെല്‍വേലി ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന കൂടംകുളം ആണവ നിലയത്തില്‍ നിന്ന് 2000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ഇത് വീതിച്ചുനല്‍കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് 175 മെഗാവാട്ട് വൈദ്യുതി കേരളത്തിന് കിട്ടേണ്ടതാണ്. ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 925 മെഗാവാട്ട് മാത്രമേ കേന്ദ്രം തമിഴ്നാടിന് അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ തമിഴ്നാട്ടിലെ ജില്ലകളില്‍ കടുത്ത വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അതിനാലാണ് മുഴുവന്‍ വൈദ്യതിയും ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയാണ് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര പൂളില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ആവശ്യപ്പെട്ടിരുന്നെങ്കിലും 100 മെഗാവാട്ട് മാത്രമാണ് നല്‍കിയതെന്ന് ജയലളിത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.