കുടിയേറ്റക്കാരായ മുസ്ലീംങ്ങള്‍ക്ക് ഉത്തര്‍പ്രദേശിലെ ഒരു പഞ്ചായത്തിലെ ശ്മശാനത്തില്‍ വിലക്ക്. പശ്ചിമ ഉത്തര്‍പ്രദേശിലെ നിരാണ ഗ്രാമ പഞ്ചായത്തിലാണ് വിവാദമായ ഈ വിലക്ക് കൊണ്ട് വന്നത്‍. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തിലാണ് മുപ്പത് വര്‍ഷത്തില്‍ അധികമായി ഗ്രാമത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രം പൊതുശ്മശാനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനം ഉണ്ടായത്. ശ്മശാനത്തിലെ സ്ഥല പരിമിതിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ എന്നാണ് ഇവരുടെ വിശദീകരണം.
പഞ്ചായത്തുകള്‍ പുറപ്പെടുവിക്കുന്ന ഇത്തരം ഉത്തരവുകള്‍ക്കെതിരെ പലപ്പോഴും ഭരണസംവിധാനം കണ്ണടയ്ക്കുകയാണ് പതിവ്. പക്ഷെ മുസാഫര്‍നഫര്‍ ജില്ലാ ഭരണകൂടം പഞ്ചായത്തിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കുടിയേറ്റക്കാരായ മുസ്ലീംങ്ങള്‍ക്ക് പൊതുശ്മശാനം അനുവദിക്കേണ്ടന്ന പഞ്ചായത്ത് തീരുമാനം അനുവദിക്കപ്പെടില്ലെന്ന് ജില്ലാ ഭരണാധികാരി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരാണ ഗ്രാമത്തില്‍ സാമാന്യം വലിയ ഒരു ശ്മശാനം ഉണ്ടായിരുന്നു. എന്നാല്‍ ജാതിയമായ വേര്‍തിരിവിനെത്തുടര്‍ന്ന് ഇത് മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുകയാണ്. കുടിയേറ്റക്കാരുടെ പെരുപ്പം മൂലം ഇവിടെ ശ്മശാനത്തിന് ഇടം കണ്ടെത്തുക വലിയ പ്രയസാമായി മാറിയിരിക്കുകയാണെന്നും ഇവിടം സന്ദര്‍ശിച്ച ഭരണാധികാരികള്‍ വ്യക്തമാക്കി.