കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്; ശിക്ഷിയ്ക്കപ്പെട്ടാല്‍ ലാലു അയോഗ്യനാ‍കും

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:13 IST)
PRO
PRO
ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി തുലാസിലാക്കി കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ലാലുവിന്റെ ലോക്‌സഭാംഗത്വം നഷ്ടപ്പെടും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വിധികേള്‍ക്കാന്‍ ലാലു റാഞ്ചിയിലെത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണു കേസിലുള്ളത്. സംസ്ഥാന വിഭജനത്തിനു മുന്‍പ് ബീഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലാണ് ഈ ട്രഷറി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.

കാലിത്തീറ്റ കുംഭകോണത്തില്‍ ആകെയുള്ള 61ല്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലു പ്രസാദ് യാദവ് ഇതില്‍ അഞ്ചു കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലാലു പ്രതിയായ കേസുകളിലെ ആദ്യ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ലാലുവിനെതിരെയുള്ളത്.കാലിത്തീറ്റ കേസ് പുറത്തുവന്നത് 1996ലാണ്. 17 വര്‍ഷത്തിനു ശേഷമാണ് ലാലു ഉള്‍പ്പെട്ട ഈ കേസില്‍ വിധി വരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സാഹചര്യത്തില്‍ ലാലുവിനെതിരായ കേസിന് ഏറെ പ്രാധാന്യമുണ്ട്. ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എംപിമാരും എംഎല്‍എമാരും അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധി നിര്‍ണായകമാണ്. ഇതിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പ് ശക്തമായതിനാല്‍ നടപ്പാവാന്‍ സാധ്യതയില്ല.

വെബ്ദുനിയ വായിക്കുക