കസബിന്റെ ശിക്ഷ നടപ്പാക്കല്‍ എന്നത്തേക്ക്?

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2011 (19:10 IST)
PRO
മുംബൈ ഭീകരാക്രമണ കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക പ്രതിയായ കസബിനെ ഹൈക്കോടതിയും കൈവിട്ടതോടെ തൂക്കുകയറും കസബും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണ്. എന്നാല്‍, കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കസബിന്റെ അടുത്ത ഊഴം സുപ്രീം കോടതിയിലേക്കാണ്. 60 ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീം കോടതിയെ സമീപിക്കണം. അതും പരാജയപ്പെട്ടാല്‍ രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കും. ഇപ്പോള്‍ 27 ദയാ ഹര്‍ജികളാണ് രാഷ്‌ട്രപതിയുടെ മുന്നിലുള്ളത്. എന്നാല്‍, കേസിന്റെ ഗൌരവം പരിഗണിച്ച് ഇത് മറികടക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന് തന്നെ മുന്‍‌കൈയെടുത്ത് കസബിന്റെ വധശിക്ഷ നടപ്പിലാക്കാമെന്നും മുതിര്‍ന്ന അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

മൂന്നു ദശാബ്ദങ്ങള്‍ക്കിടെ 77 ദയാ ഹര്‍ജികളാണ് രാഷ്‌ട്രപതിമാരുടെ മുന്നിലേത്തിയത്. ഇതില്‍ പത്തെണ്ണം ജീവപര്യന്തമാക്കി മാറ്റി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ പ്രകാരമാണിത്. 2010ല്‍ മൂന്നു ദയാ ഹര്‍ജികളാണ് പ്രതിഭാ പാട്ടീല്‍ തീര്‍പ്പാക്കിയത്. എന്നാല്‍, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റേതുള്‍പ്പെടെയുള്ള ദയാഹര്‍ജികള്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്.