ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ആര്‍ട്ടിക്കിള്‍ 370 ലെ ആത്മാവിനെയും അക്ഷരങ്ങളെയും കശ്മീര്‍ ജനത ബഹുമാനിക്കുകയാണെന്നും തന്റെ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും രാജ്‌കോട്ടില്‍വെച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ചിദംബരം നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല വ്യക്തമാക്കി.
എന്നാല്‍ ചിദംബരം നടത്തിയ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു. കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചതാണ്. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കിയിരുന്നു.