കള്ളിറക്കി സമരത്തിന് ശരത്തിന്‍റെ പിന്തുണ

Webdunia
ചൊവ്വ, 20 ജനുവരി 2009 (14:50 IST)
തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ തമിഴ്‌നാടൊട്ടുക്ക് ‘കള്ള് ചെത്തിയിറക്കി’ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നന്ന കള്ളുചെത്ത് തൊഴിലാളികള്‍ക്ക് തമിഴ് നടന്‍ ശരത്‌കുമാറിന്റെ നേതൃത്വത്തിലുള്ള സമത്വ മക്കള്‍ കക്ഷിയുടെ പിന്തുണ.

തമിഴ്‌നാട്ടില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണം എന്നാണ് സമത്വ മക്കള്‍ കക്ഷിയുടെ ആവശ്യം. കുറഞ്ഞപക്ഷം, സംസ്ഥാനത്തെ ബാറുകളും സര്‍ക്കാര്‍ മദ്യവില്‍‌പന ശാലകളും വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കാന്‍ ഏര്‍പ്പാട് ചെയ്യണമെന്നാണ് ശരത്‌കുമാറിന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

“ഓരോ തെരുവിലും സര്‍ക്കാര്‍ മദ്യ വില്‍‌പന ശാലയും ബാറും തുറന്നിട്ടുള്ള സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണ്. രാവിലെ പത്ത് തൊട്ട് രാത്രി പത്ത് വരെയാണ് മദ്യ വില്‍‌പന ശാല പ്രവര്‍ത്തിക്കുന്നതെങ്കിലും ബാറുകളില്‍ അധികവിലയ്ക്ക് മദ്യം രണ്ടുമണി വരെ സുലഭമാണ്. വ്യാജനും അല്ലാത്തതുമായ വിദേശമദ്യം കുടിച്ച് ജനങ്ങളുടെ ആരോഗ്യം നശിക്കുകയാണ്.”

“പാരമ്പര്യ പാനീയമായ കള്ള് നിരോധിച്ച് സ്പിരിറ്റ് കലക്കുന്ന വിസ്കിയും ബ്രാന്‍‌ഡിയും മറ്റും വില്‍‌ക്കുന്ന സര്‍ക്കാര്‍ നയം ആരെ രക്ഷിക്കാനാണ്? ഇവിടെ പരമ്പരാഗതമായി കള്ളുചെത്തി ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരുടെ വയറ്റത്തടിക്കുകയാണ് മാറിമാറി വരുന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍. ഇതിനി അനുവദിക്കില്ല. ഒന്നുകില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം അല്ലെങ്കില്‍ കള്ള് വില്‍‌ക്കാനുള്ള അനുമതി. അതിനാണ് നാളത്തെ പോരാട്ടം” - ശരത്‌കുമാര്‍ പറയുന്നു.

സര്‍ക്കാര്‍ കള്ള് നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഏറെപ്പേര്‍ ഈ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ ചെത്തുന്നതും വില്‍‌പന നടത്തുന്നതും. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഈ പാനീയത്തിന്റെ വില്‍‌പനയ്ക്കുള്ള നിരോധനം മാറ്റി, കള്ളുചെത്ത് തൊഴിലാളികളെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാടൊട്ടുക്ക് നാളെ കള്ളുചെത്ത് തൊഴിലാളികള്‍ കള്ളിറക്കി സമരം ചെയ്യുന്നത്.