കളക്‌ടര്‍ മാവോയിസ്റ്റുകളുടെ പിടിയില്‍ തന്നെ

Webdunia
ശനി, 19 ഫെബ്രുവരി 2011 (09:52 IST)
PRO
ഒറീസയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ മല്‍‌ക്കാന്‍‌ഗിരി ജില്ലാ കളക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണയെ വധിക്കാന്‍ നിശ്ചയിച്ച സമയപരിധി നീട്ടി. 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ കേന്ദ്രസൈന്യം ജില്ലയില്‍ നിന്ന് പിന്‍‌വാങ്ങിയില്ലെങ്കില്‍ കളക്‍ടറെ വധിക്കുമെന്നായായിരുന്നു ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് സമയപരിധി മാറ്റുകയായിരുന്നു.

മാവോയിസ്റ്റുകളുടെ ഏഴ് ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക വ്യാഴാഴ്ച മുഖ്യമന്ത്രി നവീന്‍ പട്നായ്കിന് കൈമാറിയിരുന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് നിര്‍ത്തിവെച്ച് അറസ്റ്റിലായ മാവോയിസ്‌റ്റുകളെ മോചിപ്പിക്കണം എന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. അറസ്റ്റിലായ മാവോയിസ്റ്റുകളെയും സാമൂഹ്യപ്രവര്‍ത്തകരെയും കോടതിക്ക് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ കളക്ടറുടെ ജീവന്‍ അപകടത്തിലാവുമെന്ന് നാലുപേജുള്ള കത്തില്‍ പറയുന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഗുമ്മ ബ്ലോക്കില്‍ ഒരു പൊതുജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കളക്ടറെയും രണ്ട് എഞ്ചിനിയര്‍മാരെയും മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മോചിതനാക്കിയ ഒരു എഞ്ചിനിയറുടെ കൈവശമാണ് മുന്നറിയിപ്പ് സന്ദേശം എത്തിച്ചത്.

മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ബിരുദം നേടിയ വിനീല്‍ കൃഷ്ണ 2005ല്‍ ആണ് ഐ ‌എ ‌എസ് നേടിയത്. മല്‍‌ക്കാന്‍‌ഗിരിയില്‍ പൊതു സമ്മതനായിരുന്നു വിനീല്‍. ആന്ധ്രാപ്രദേശിലേക്കുള്ള ‘ചുവന്ന ഇടനാഴി’ എന്നറിയപ്പെടുന്ന നക്സല്‍ പാതയിലാണ് മല്‍ക്കാന്‍‌ഗിരി.

തന്റെ മകനെ വിട്ടയക്കണമെന്ന് പിടിയിലായ ജൂനിയര്‍ എഞ്ചിനീയര്‍ പവിത്രാ മാജിയുടെ അമ്മ മാവോയിസ്‌റ്റുകളോട് അപേക്ഷിച്ചിരുന്നു. പവിത്രാ മാജിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പു മരിച്ചതാണെന്നും മകന്‍ മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയമെന്നും ഇവര്‍ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള 60 ജില്ലകളിലെ കളക്ടര്‍മാരുമായി ആഭ്യന്തരമന്ത്രി പി ചിദംബരം വീഡിയോ കോണ്‍ഫറന്‍സ് നടത്താനിരിക്കെയാണ് കളക്ടറെ ബന്ദിയാക്കിയത്.