കലാപക്കാതല്‍: ഇളവരശന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (08:45 IST)
PRO
റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ധര്‍മപുരിയിലെ ദളിത് യുവാവ് ഇളവരശന്റെ മൃതദേഹം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു. വന്‍ജനാവലി പങ്കെടുത്ത വിലാപയാത്രയോടെ സ്വദേശമായ നായിക്കന്‍ കോട്ടയിലെ നത്തം കോളനിയിലെ വീടിന് സമീപമാണ് മൃതദേഹം സംസ്‌കരിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇളവരശന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റ്യൂട്ടിലെ വിദഗ്ധ ഡോക്ടമാരുടെ സംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

തമിഴ്നാട്ടില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ മിശ്രവിവാഹത്തിലെ വരന്‍ ഇളവരശനെ കഴിഞ്ഞ ജൂലൈ 4ന് വൈകിട്ടാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദലിത് യുവാവായ ഇളവരശന്‍ ഉയര്‍ന്ന ജാതിയിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ഇരുസമുദായങ്ങള്‍ക്കിടയിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. ധര്‍മപുരി ജില്ലയിലെ നൈകന്‍കോട്ടയിലെ നതാം കോളനിവാസിയാണ് ഇളവരശന്‍.

കഴിഞ്ഞ നവംബറിലാണ് വണ്ണിയാര്‍ സമുദായത്തിലെ എന്‍ ദിവ്യയുമായി ഒളിച്ചോടി ഇളവരശന്‍ വിവാഹിതനാവുന്നത്. ഇതേതുടര്‍ന്ന് ദിവ്യയുടെ പിതാവ് നാഗരാജന്‍ ആത്മഹത്യ ചെയ്തു. മിശ്രവിവാഹത്തിനെതിരെ എസ് രാമദോസ്, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി എന്നിവരുടെ നേതൃത്വത്തില്‍ പിഎംകെ ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കുകയും ജാതിസംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. നതാം കോളനിയിലെ നൂറുകണക്കിന് വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ജൂണ്‍ ഏഴിന് ദിവ്യയുടെ മാതാവ് മദ്രാസ് ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ദിവ്യ ഹാജരാവുകയും മാതാവിനൊപ്പം താല്‍ക്കാലികമായി താമസിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. ജൂലൈ മൂന്നിന് കോടതിയില്‍ ഹാജരായ ദിവ്യ ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇളവരശന്‍െറ മരണം. സംസ്കാര ചടങ്ങിന് ഭാര്യയായ ദിവ്യ എത്തിയിരുന്നില്ല.