കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ അടിത്തറ ഇളകുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനോടു ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടു. ഫെബ്രുവരി നാല് വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്.
ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ കരുനീക്കങ്ങളാണ് ഷെട്ടാര്‍ സര്‍ക്കാരിന് ഭീഷണിയായത്. യദ്യൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയ്ക്ക് 13 എം എല്‍ എമാര്‍ പിന്തുണ അറിയിച്ചുകഴിഞ്ഞു. രണ്ട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി സി എം ഉദാസി,ഊര്‍ജമന്ത്രി ശോഭ കരന്തലജെ, എന്നിവരാണ് ഇവര്‍. യദ്യൂരപ്പയില്ലെങ്കില്‍ ബി ജെ പിയില്‍ നീതികിട്ടില്ലെന്ന് പറഞ്ഞ് കൂടുതല്‍ എം എല്‍ എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. 13 എം എല്‍ എമാര്‍ പോയാല്‍ തന്നെ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.
ഇതോടെ നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ബജറ്റ് സമ്മേളനത്തിനു മുമ്പ് സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മെയില്‍ ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.