കനിഷ്ക: കാനഡ ക്ഷമാപണം നടത്തി

Webdunia
വ്യാഴം, 24 ജൂണ്‍ 2010 (10:42 IST)
കനിഷ്ക എന്ന എയര്‍ ഇന്ത്യ വിമാനം തീവ്രവാദികള്‍ ബോംബ് സ്ഫോടനത്തിലൂടെ തകര്‍ത്ത് 25 വര്‍ഷം തികഞ്ഞ ശേഷം സംഭവത്തില്‍ കാനഡ പ്രധാനമന്ത്രി ക്ഷമാപണം നടത്തി. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത കാനഡ സര്‍ക്കാര്‍ ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോട് ക്ഷമാപണവും നടത്തി.

ബുധനാഴ്ച കനിഷ്ക ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ ചടങ്ങില്‍ വച്ചാണ് കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ക്ഷമാപണം നടത്തിയത്.

ഇത്തരമൊരു ആക്രമണം നടക്കാന്‍ അനുവദിക്കരുതായിരുന്നു. ഇത് വിദേശ ശക്തികളുടെ ആക്രമണമല്ല. കാനഡയില്‍ ഗൂഡാലോചന നടത്തിയ, കാന്‍ഡയില്‍ നടത്തിയ, കാനഡ പൌരന്മാര്‍ ഉള്‍പ്പെട്ട ആക്രമണമാണ്. കാനഡ സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ 25 വര്‍ഷം മുമ്പ് നടന്ന പാളിച്ചകളില്‍ ക്ഷമ ചോദിക്കുന്നതായും ഹാര്‍പര്‍ പറഞ്ഞു.

1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്ട്രിയലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഐറിഷ് തീരത്തിനടുത്ത് വച്ച് സ്ഫോടനത്തില്‍ തകരുകയായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 329 പേര്‍ അപകടത്തില്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്നവരില്‍ അധികവും ഇന്ത്യന്‍ വംശജരായ കാനഡക്കാരായിരുന്നു.

പഞ്ചാബിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെതിരെ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുടെ ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വിമാനദുരന്തം നടന്നത്. ഇത് കാനഡ സര്‍ക്കാരിന്റെ വലിയ പരാജയമാണെന്ന് സംഭവത്തെ കുറിച്ച് പഠിക്കാന്‍ കാനഡ നിയോഗിച്ച കമ്മീഷന്‍ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു.