കനിമൊഴിയും രാജയും രാജ്യസഭയിലേക്ക് മത്സരിക്കുന്നു

Webdunia
തിങ്കള്‍, 17 ജൂണ്‍ 2013 (20:18 IST)
PRO
PRO
ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ പുത്രി എം കനിമൊഴിയും സിപിഐ നേതാവ് ഡി രാജയും വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ മത്സരിക്കുക. കനിമൊഴിയും രാജയും നിലവില്‍ സിറ്റിംഗ് അംഗങ്ങളാണ്. ഇവരുടെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കും. രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 27 നാണ്.

കനിമൊഴിയെയും രാജയെയും രാജ്യസഭയിലെത്തിക്കാന്‍ ഡിഎംകെയും സിപിഐയും മറ്റ് കക്ഷികളുടെ സഹായം തേടുമെന്നാണ് അറിയുന്നത്. ഇവരെ രാജ്യസഭയിലെത്തിക്കാന്‍ ഇരുകക്ഷികള്‍ക്കും ആവശ്യമായ അംഗബലമില്ല. കനിമൊഴിക്ക് വേണ്ടി കരുണാനിധി കോണ്‍ഗ്രസിന്റെ സഹായം തേടുമെന്നും അഭ്യൂഹമുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ഡിഎംകെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്മാറിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡി‌എംകെ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്മാറിയത്.

ആറ് രാജ്യസഭാസീറ്റുകളാണ് തമിഴ്നാട്ടില്‍ ഒഴിവ് വരുന്നത്. ഭരണകക്ഷിയായ എഡിഎംകെ അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്.