കനയ്യയെ കൊന്നാല്‍ 11 ലക്ഷം രൂപ പ്രതിഫലം: വധഭീഷണിയുമായി പൂര്‍വാഞ്ചല്‍ സേനയുടെ പോസ്റ്റര്‍

Webdunia
ശനി, 5 മാര്‍ച്ച് 2016 (10:49 IST)
ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ വധഭീഷണിയുമായി ഡല്‍ഹിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കനയ്യ കുമാറിനെ കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി പ്രസ്സ്ക്ലബ് പരിസരത്ത് ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പൂര്‍വാഞ്ചല്‍ സേന എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ സംഘടനയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഘപരിവാര്‍ സഘടനായാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
അതേസമയം, കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ചാ നേതാവും വാഗ്ദാനം ചെയ്തു. യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവായ കുല്‍ദീപ് വര്‍ഷിനിയാണ് കനയ്യയുടെ നാക്ക് അറുത്തു വരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ  നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യുവമോര്‍ച്ചയുടെ ബദായു (ഉത്തര്‍പ്രദേശ്) ജില്ലാ പ്രസിഡന്റാണ് കുല്‍ദീപ്. 
 
ജയില്‍ മോചിതനായ ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആണ് കനയ്യ സംസാരിക്കുന്നത്. രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്സല്‍ ഗുരുവിനെ അനുകൂലിക്കുകയും ചെയ്യുന്ന കനയ്യ കുമാറിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കും എന്നുമാണ് കുല്‍ദീപ് വര്‍ഷിനി പറഞ്ഞത്.
 
അതേസമയം വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കനയ്യയ്ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ആരൊക്കെ കനയ്യയെ കാണാന്‍ വരുന്നു, സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ സര്‍വകലാശാലയോട് പൊലീസ് ആവശ്യപ്പെട്ടു. പുറത്ത് പോകുമ്പോള്‍ കനയ്യയെ പൊലീസ് അനുഗമിക്കും. ജാമ്യം ലഭിച്ച ശേഷം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെരുതെന്ന് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കനയ്യ കുമാറിനെ കാണാന്‍ വരുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നത്.