കടലില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറി. രണ്ട് ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസിന്റെ അന്വേഷണവും പ്രോസിക്യൂഷന്‍ ചുമതലയുമാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. വിചാരണയ്ക്കായി പ്രത്യേക കോടതി ഡല്‍ഹിയിലായിരിക്കും സ്ഥാപിക്കുക എന്ന സൂചനകള്‍ക്കിടെയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ കേസിന്റെ വിചാരണ ഇനി എന്‍ഐഎ കോടതിയിലായിരിക്കും നടക്കുക.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സംഭവത്തിന്‍റെ സാക്ഷികളും കൊല്ലത്താണുള്ളത്. ഇവര്‍ക്ക് ഡല്‍ഹിയിലെത്തി വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിചാരണ കൊല്ലത്ത് വേണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് എന്‍ഐഎയ്ക്ക് വിട്ടതോടെ ഇത് നടപ്പാകാനുള്ള സാധ്യത മങ്ങുകയാണ്. കടല്‍ക്കൊല കേസില്‍ നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്ന സുപ്രീംകോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് എന്‍ഐഎയുടെ നിയന്ത്രണത്തിലാകുന്നതോടെ കേരളാ പൊലീസിനും യാതൊരു ഇടപെടലും സാധ്യമാകില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള ഇടപെടല്‍ അവസാനിപ്പിക്കാന്‍ ഇത് വഴി സാധിക്കും എന്നാണ് വിവരം.
കേസ് എന്‍ഐഎയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിക്കും.