ഓട്ടോക്കൂലിക്ക് നടുറോഡില്‍ പീഡനം

Webdunia
തിങ്കള്‍, 4 ജനുവരി 2010 (17:38 IST)
PRO
ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം ബാംഗ്ലൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കുന്നതില്‍ കലാശിച്ചു. ബാംഗ്ലൂര്‍ നഗരത്തിലെ സി വി രാമന്‍ നഗറില്‍ വച്ച് 28 കാരിയായ ഒരു സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റാണ് പീഡന വിധേയയായത്.

കൂടുതല്‍ കൂലി കൊടുക്കാന്‍ തയ്യാറാവാഞ്ഞ യുവതിയെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അതിലും അരിശം തീരാതെ അയാള്‍ യുവതിയുടെ മുടി വലിച്ചുപറിക്കുകയും ചെയ്തു.

ജനുവരി രണ്ടിനാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ല എന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞപ്പോഴാണ് തന്നെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. പൊതുജനമധ്യത്തിലായിരുന്നു സംഭവം നടന്നത്. ഈ അവസരത്തിലെല്ലാം മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ തനിക്കെതിരെയുള്ള ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി.

കൂടുതല്‍ തുക നല്‍കുകയില്ലെന്ന് പറഞ്ഞ് നടന്നു നീങ്ങിയ തന്നെ ഡ്രൈവര്‍ ഓട്ടോയിലേക്ക് വലിച്ചിഴച്ചു എന്നും ഓട്ടോയില്‍ കയറിയാല്‍ കാശ് ഈടാക്കാതെ സുഖസവാരി നടത്തിക്കാമെന്നും അതിന് തന്റെ കൂട്ടുകാര്‍ സഹായിക്കുമെന്നും അശ്ലീലച്ചുവയോടെ പറഞ്ഞുവെന്നും യുവതി പറയുന്നു.

സംഭവത്തെക്കുറിച്ച് ഇവര്‍ ബയപ്പണഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തി.