യാത്രക്കാരനെ ടിക്കറ്റ് ചെക്കര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. വാരാണസി - രാമേശ്വരം എക്സ്പ്രസില്‍ ആണ് സംഭവം. കട്നി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് യാത്രക്കാരന്‍ കിഷോര്‍ ശര്‍മയെ(38) ടിക്കറ്റ് ചെക്കര്‍ പുറത്തേക്ക് തള്ളിയിട്ടത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിനാണ് യാത്രക്കാരനോട് ചെക്കര്‍ രോഷം തീര്‍ത്തത്. ഡല്‍ഹിയില്‍ നിന്ന് ജബല്പൂരിലേക്ക് സമ്പര്‍ക്-ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത കിഷോര്‍ കട്നി റെയില്‍വേ സ്റ്റേഷനില്‍ വച്ച് വാരാണസി- രാമേശ്വരം എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചിലേക്ക് കയറുകയായിരുന്നുവെന്നാണ് റെയില്‍വെ പൊലീസിന്റെ വിശദീകരണം.
ടിക്കറ്റ് ചെക്കര്‍ എത്തിയപ്പോള്‍ ജനറല്‍ ടിക്കറ്റ് കാണിച്ച കിഷോറിനോട് പിഴയടക്കാന്‍ അവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ചെക്കര്‍ ഇയാളെ ബലമായി പുറത്തേക്ക് തള്ളിയിട്ടു.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ്, ചോരവാര്‍ന്ന് ട്രാക്കില്‍ കിടന്ന ഇയാളെ റയില്‍വേപൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.