ഒരടി പിന്നോട്ടില്ല; ചൈന വീണ്ടും ടെന്റ് കെട്ടി വേട്ടനായ്ക്കളെ കാവല്‍ നിര്‍ത്തി

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (09:24 IST)
PTI
PTI
ഇന്ത്യയുടെ പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ ചൈന. ലഡാക്കില്‍ ഇന്ത്യയുടെ പ്രദേശത്ത് ചൈന വീണ്ടും ടെന്റ് കെട്ടി ഉയര്‍ത്തി. ഇത് അഞ്ചാമത്തെ ടെന്റ് ആണ് ചൈന ഇന്ത്യന്‍ പ്രദേശത്ത് കെട്ടിയുയര്‍ത്തിയത്. ഇതിന് കാവലായി വേട്ടനായ്ക്കളെ നിര്‍ത്തിയിട്ടുമുണ്ട് എന്നാണ് വിവരം.

ദൗലത്ത് ബേഗ് ഓര്‍ഡി(ഡിബിഒ) സെക്ടറിലാണ് ചൈനീസ് സൈന്യത്തിന്റെ പുതിയ ടെന്റ് ഉയര്‍ന്നത്. ടെന്റിന് പുറത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇംഗ്ലീഷില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ‘നിങ്ങള്‍ ഇപ്പോള്‍ ചൈനയിലാണ്’ എന്ന് ഇതില്‍ എഴുതിയിട്ടുണ്ട്. തോക്കുധാരികളായ ചൈനീസ് സൈനികരും വേട്ടനായ്ക്കളും സദാജാഗ്രതയിലാണ് ഇവിടെയുള്ളത്. ലഡാക്ക് ഡിവിഷനിലെ ബര്‍സെയില്‍ നിന്ന് 70 കിലോമീറ്റര്‍ മാറിയാണ് പുതിയ ടെന്റ്.

ഏപ്രില്‍ 15ന് രാത്രിയാണ് ചൈനീസ് സൈന്യം ആദ്യമായി ടെന്റ് അടിച്ചത്. എന്നാല്‍ ചൈന പിന്‍‌മാറണം എന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് നടന്ന ഫ്ലാഗ് മീറ്റുകളും പരാജയപ്പെട്ടു. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മെയ് ഒമ്പതിന് ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്.