രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുള്‍പ്പടെ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ സ്വീകരിച്ചു.
നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി സ്റ്റഡീസ് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയ കെട്ടിട സമുച്ചയം സോണിയ ഉദ്ഘാടനം ചെയ്യും. 4.55 ന് പാളയത്ത് എത്തി യുദ്ധസ്മാരകത്തിന് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
വൈകിട്ട് 5.45 ന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം പദ്ധതി ഉദ്ഘാടനം ചെയ്യും .ഞായറാഴ്ച വൈകിട്ട് രാജ്ഭവനില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ കക്ഷിനേതാക്കളെയും സോണിയ കാണും.
തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഭുരഹിതര്‍ക്കും മൂന്ന് സെന്റ് ഭൂമി വീതം നല്‍കുന്ന ഭൂരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനമാണ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11.45 നാണ് ചടങ്ങ്. 12.45 ന് ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിന് സമീപം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. 1.40 ന് പ്രത്യേക വിമാനത്തില്‍ മൈസൂറിലേക്ക് പോകും.