ഐപിഎല്‍ വാതുവെപ്പ്: ദാവൂദും ഛോട്ടാ ഷക്കീലും പ്രതികള്‍

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (14:43 IST)
PRO
PRO
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പോലീസിന്റെ ആദ്യകുറ്റപത്രം അന്തിമഘട്ടത്തില്‍. അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാഷക്കീലും പ്രതിപ്പട്ടികയില്‍. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ 31 പ്രതികളാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതികള്‍ക്കെതിരെ മക്കോക്ക ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. കേസില്‍ ഫോണ്‍ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും തെളിവുകളായി സമര്‍പ്പിക്കും. ശ്രീശാന്തിനെ കൂടാതെ അജിത് ചാന്ദില, അങ്കീത് ചവാന്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും 26 ഇടനിലക്കാരും അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരുമാണ് പ്രതിപ്പട്ടികയിലുള്ളത്.

കേസില്‍ കുറ്റാരോപിതരായ മൂന്ന് ക്രിക്കറ്റ് താരങ്ങളും 19 ഇടനിലക്കാരും ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതികള്‍ക്കെതിരെ ഫോണ്‍ സംഭാഷണങ്ങള്‍, താരങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം റണ്‍ നല്‍കുന്ന വിഡിയോ ദൃശ്യങ്ങള്‍, വിവിധ ഹോട്ടലുകളില്‍ താരങ്ങള്‍ ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ തെളിവുകളായി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. വാതുവെപ്പില്‍ 20 മുതല്‍ 60 ലക്ഷം വരെ പ്രതിഫലം വാങ്ങിയെന്നും പതിനാലു റണ്‍സുകള്‍ വഴങ്ങിയെന്നുമുള്ള താരങ്ങളുടെ കുറ്റസമ്മതവും തങ്ങളുടെ കൈവശമുള്ളതായി പൊലീസ് അവകാശപ്പെടുന്നു. മുംബൈ, ചണ്ഡിഗഡ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന സമയങ്ങളിലെ ഫോട്ടോഗ്രാഫുകളും പോലീസിന്റെ കൈവശം ഉണ്ട്.

വാതുവെപ്പ് കേസില്‍ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ മെയ് 15നാണ് അറസ്റ്റ് ചെയ്തത്. കുറ്റാരോപണത്തെ തുടര്‍ന്ന് താരങ്ങളെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.